കേന്ദ്ര കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍; കേരളത്തില്‍ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും


ഹൈദരാബാദ്: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന പുതിയ കേന്ദ്രകമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഇതോടെ കേന്ദ്രകമ്മറ്റിയിലേക്ക് ഒഴിവായി. അല്‍പം മുന്‍പ് സമാപിച്ച കേന്ദ്രകമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.


95 അംഗ കേന്ദ്രകമ്മറ്റിയെ ആണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പുതുതായി കേന്ദ്രകമ്മറ്റിയില്‍ ഉള്‍പ്പെട്ടു. വൈക്കം വിശ്വന്‍, പികെ ഗുരുദാസന്‍ എന്നിവരെ ഒഴിവാക്കും. അനാരോഗ്യം കാരണമാണ് ഇരുവരെയും ഒഴിവാക്കുന്നത്. ഈ ഒഴിവിലേക്കാണ് എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും വരുന്നത്. വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരും. 95 അംഗങ്ങള്‍ക്ക് പുറമെ അഞ്ച് പ്രത്യേക ക്ഷണിതാക്കളും പുതിയ കേന്ദ്രകമ്മറ്റിയില്‍ ഉണ്ടാകും.


രാവിലെ ചേര്‍ന്ന പിബിയില്‍ പുതിയ കേന്ദ്രകമ്മറ്റി രൂപീകരണത്തെ ചൊല്ലി കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ തര്‍ക്കമാണ് നടന്നത്. എസ് രാമചന്ദ്രന്‍ പിള്ള, എകെ പത്മനാഭന്‍, ജി രാമകൃഷ്ണന്‍ എന്നിവരെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന യെച്ചൂരിയുടെ വാദമാണ് തര്‍ക്കത്തിന് കാരണമായത്. മൂവരെയും ഒഴിവാക്കാനാകില്ലെന്ന നിലപാടായിരുന്നു കാരാട്ട് പക്ഷം സ്വീകരിച്ചത്. പിബിയില്‍ തീരുമാനം ആകാഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രകമ്മറ്റി യോഗം ചേരുകയായിരുന്നു.



Sharing is Caring