കോട്ടയം: കെവിന് എന്ന നവവരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ബാക്കിയുണ്ടായിരുന്ന അഞ്ചു പ്രതികളെ കൂടിയാണ് അര്‍ധരാത്രിക്കു ശേഷം പിടികൂടിയത്.വിഷ്ണു,ഷാനു, ഷിനു എന്നിവര്‍ പാലക്കാട്ടും ഫൈസല്‍, റമിഷ് എന്നിവര്‍ പുനലൂരിലുമാണ് പിടിയിലായത്. പുനൂലൂര്‍ എസ്ഐ ജെ. രാജീവിന്റെ നേതൃത്വത്തിലുള സംഘം പിടികൂടി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
കേസിലെ പ്രതികളെയെല്ലാം ശനിയാഴ്ച തെളിവെടുപ്പിനായി പൂനലൂരിലെത്തിക്കും. കോട്ടയം ഡി.സി.ആര്.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ്. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. അതിനുശേഷം ഗൂഡാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍, ഷാനു ചാക്കോ കൃത്യത്തിനുശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് പൊലിസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ അപേക്ഷ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനുണ്ടെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രധാന പ്രതിയായ ഷാനു ചാക്കോയില്‍ നിന്നു സംഭവം നടക്കുന്നതിന് മുന്‍പ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് എ.എസ്.ഐ ബിജുവിനേയും ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തത്












