ജിഷ്ണു പ്രണോയ് കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസ് അവസാനിക്കുന്നതുവരെ കൃഷ്ണദാസ് കോളേജില്‍ കയറരുതെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി നല്‍കി.
കൃഷ്ണദാസിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റമാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പ്രേരണാകുറ്റം നിലനില്‍ക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും കേസ് ഡയറിയില്‍ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ നിര്‍ദേശവും മുന്‍കാല ഉത്തരവുകളും അനുസരിച്ച് പ്രേരണാകുറ്റം ചുമത്തണമെങ്കില്‍ കേസില്‍ പ്രതിക്ക് പ്രധാന പങ്കുണ്ടായിരിക്കണം. എന്നാല്‍ ഇങ്ങനെയൊരു പങ്ക് കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് കൃഷ്ണദാസ് കോളേജിലോ അദ്ദേഹത്തിന്റെ മുറിയിലോ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. പൊതുവായ ആരോപണങ്ങള്‍ മാത്രം ചുമത്തി ഒരാളുടെ മേല്‍ പ്രേരണാകുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.













