കുവൈറ്റ് : കുവൈറ്റില്‍ വിദേശികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. വിദേശികള്‍ ഒന്നിലേറെ വാഹനങ്ങള്‍ വാങ്ങുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഇ പറഞ്ഞു.
രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ തീരുമാനം. റോഡിലെ തിരക്ക് കുറക്കല്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന നിയമ പരിഷ്കരണം അറബ് വംശജരടക്കം മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. അഞ്ച് വാഹനങ്ങള്‍ സ്വന്തമായുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് .

വിദേശികളില്‍ ചിലര്‍ 60 മുതല്‍ 70 വരെ വാഹനങ്ങളുടെ ഉടമകളാണെന്നും ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയാതായി ട്രാഫിക് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഇ പറഞ്ഞു.
ഗതാഗതക്കുരുക്കിന് പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തുന്നതിനായി നിയമിക്കപ്പെട്ട സമിതിയാണ് അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകള്‍ ഉടമപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ നല്‍കിയത് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് വൈകാതെ ഉണ്ടാവുമെന്നും ട്രാഫിക് മേധാവി കൂട്ടിച്ചേര്‍ത്തു












