കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയാണ് പോലീസിനുള്ളത്. പ്രതി വൈകാതെ അറസ്റ്റിലാവുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിങ്ങിനു ശേഷമാണ് കസ്റ്റഡിയിലുള്ളവര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നത്.
കേസന്വേഷണത്തില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴക്കിയിരുന്നത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്ബത് പേരും നല്‍കിയ ഒരേ സ്വഭാവത്തിലെ മൊഴികളായിരുന്നു. ഇതില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമായിരുന്നു പോലീസിന്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ പോലീസിനോട് സഹകരിക്കുന്നുണ്ട്.
ഇതാണ് പ്രതിയേക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പോലീസിനെ സഹായിച്ചത്.

കൂടാതെ പെണ്‍കുട്ടിയുടെ ചേച്ചിയും ചില കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നേരത്തെ ശേഖരിച്ച അയല്‍വാസികളുടെ മൊഴിയിലും പ്രതിയെ പിടികൂടാനാവശ്യമായ സൂചനകളുണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് പോലീസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കൊല്ലം സെഷന്‍സ് കോടതി കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പോലീസുമായി സഹകരിക്കാന്‍ തുടങ്ങിയത്.
പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. കുണ്ടറയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി 15-ാം തിയ്യതിയാണ് ആത്മഹത്യ ചെയ്തത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫെബ്രുവരി 17-ന് ലഭിക്കുകയും ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിവിധ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.












