കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു


കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലിസുകാര്‍ക്കും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ബി.ജെ.പി – ആര്‍.എസ്.എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ബി.ജെ.പി – ആര്‍.എസ്.എസ് ആക്രമണമുണ്ടായത്.


പരുക്കേറ്റ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ രണ്ടു പേരുടെ നില ഗുരുതുരമാണ്. ഗുരുതരമായി പരുക്കേറ്റ മടിക്കൈയിലെ ആദര്‍ശ്, ശ്യാംജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈയിലെ കുഞ്ഞമ്പു,പാലായിലെ മധു, നീലേശ്വരം പാലക്കാട്ട് നാഗേന്ദ്രന്‍ എന്നിവര്‍ നീലേശ്വരം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മാവുങ്കാലില്‍ പൊലിസ് ലാത്തിച്ചാര്‍ജില്‍ അര്‍.എസ്.എസ് കാര്യവാഹക് ശ്രീജിത്ത്, പൂച്ചക്കാട് രാജന്‍, പുതിയകണ്ടത്തെ പ്രസാദ് എന്നിവര്‍ക്ക് പരുക്കേറ്റു.


നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ വച്ചാണ് രൂക്ഷമായ ആക്രമണമുണ്ടായത്. വൈകീട്ട് 5.30 ഓടെയാണ് അക്രമണങ്ങള്‍ക്ക് തുടക്കം. പ്രതിരോധസംഗമം പരിപാടിയിലേക്ക് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നതായും ഡി.വൈ .എഫ്.ഐ ആരോപിച്ചു. പരിപാടി കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം തല്ലിത്തകര്‍ത്തു.



Sharing is Caring