മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തി മടങ്ങിപ്പോയ തന്നെ കാണാനില്ലെന്ന പരാതി ശരിയല്ലെന്ന് അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ പൊലീസിനെ അറിയിച്ചതായി വിവരം. കനക ദുര്‍ഗയെ കാണാനില്ലെന്ന് ഭര്‍ത്താല് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാനായി പൊലീസ് കനകദുര്‍ഗയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ തല്‍ക്കാലത്തേക്കു കൂട്ടുകാരിയോടൊപ്പം താമസിക്കുകയാണെന്ന് അവര്‍ അറിയിച്ചത്.
24നാണ് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ ശബരിമലയിലേക്കു പുറപ്പെട്ടത്. നീലിമല കഴിഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടാവുകയും ഇരുവരും തിരികെപ്പോരുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പിന്നീടാണു ശബരിമലയില്‍ പ്രത്യക്ഷപ്പെട്ടതെന്നും കുടുംബം നേരത്തേ അറിയിച്ചിരുന്നു.

ഭര്‍തൃവീട്ടുകാര്‍ കനകദുര്‍ഗയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയാണു ഫോണ്‍ എടുത്തിരുന്നതെന്ന് പറയുന്നു. ആക്രമണസാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മാറിനില്‍ക്കുന്നതെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലാ പൊലീസ് ഓഫീസുകള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്.













