കശ്മീരില്‍ സംഘര്‍ഷം രൂക്ഷം; കര്‍ഫ്യൂ പ്രഖ്യാപിച്ചു


ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ടിന്റെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതു മുതല്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ്, സോബോര്‍, കുപ് വാര, ശ്രീനഗര്‍ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.


മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാന്‍ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ത്രാലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാര്‍ത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്റെ മരണവും സ്ഥിരീകരിച്ചത്.




Sharing is Caring