വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്ബോള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍. അതേസമയം, കശ്മീരിലെ സംഘര്‍ഷം അതിര്‍ത്തിക്കപ്പുറത്തുനിന്നു ചിട്ടപ്പെടുത്തുന്നതാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
യുഎന്‍ മനുഷ്യാവകാശ സമിതി അയയ്ക്കുന്ന സംഘത്തെ നിയന്ത്രണരേഖയ്ക്ക് ഇരുപുറവും, അതായത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരും പാക്ക് അധിനിവേശ കശ്മീരും സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ സയീദ് റാദ് അല്‍ ഹുസൈന്റെ ആവശ്യം.കശ്മീരില്‍ ഇന്ത്യ അമിതമായി സൈനിക ബലം ഉപയോഗിക്കുന്നതായി പല കോണുകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ചു തികച്ചും വ്യത്യസ്തങ്ങളായ വിശദീകരണങ്ങളാണ് ഇരുകൂട്ടരും നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും പക്ഷപാതരഹിതവുമായ രാജ്യാന്തര ഇടപെടല്‍ കശ്മീരില്‍ ആവശ്യമാണ്. കശ്മീര്‍ വിഷയത്തില്‍ ഇരുകൂട്ടരും ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പരിശോധിക്കുന്നതിനും നിജസ്ഥിതി വിലയിരുത്തുന്നതിനും യുഎന്‍ സംഘത്തെ കശ്മീരില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. ഇതിനു പാക്കിസ്ഥാന് സമ്മതമറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയും ഇക്കാര്യത്തില്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്നും ഹുസൈന് ആവശ്യപ്പെട്ടു.













