കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം; മലയാളി എഞ്ചിനീയര്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു


ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ വര്‍ഷമായി വിദേശത്തുള്ള മലയാളി എഞ്ചിനീയര്‍ ആഫ്രിക്കയിലെ മൊസാംബിക്കില്‍ മരിച്ചു. ജലസേചന വകുപ്പിലെ മുന്‍ ചീഫ്‌ എന്‍ജിനീയര്‍ പുനലൂര്‍ തോളിക്കോട്‌ പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (63) ആയിരുന്നു മരിച്ചത്‌. മൊസാംബിക്കിലെ താമസ സ്‌ഥലത്ത്‌ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ വിശദീകരണം.
വെടിവെയ്‌പ്പിലാണ്‌ മരിച്ചതെന്നായിരുന്നു ആദ്യ വിവരം. അതേസമയം മരണകാരണം സ്‌ഥിരീകരിച്ചിട്ടില്ല. പോസ്‌റ്റുമാര്‍ട്ടം ചെയ്‌താല്‍ മാത്രമേ അറിയാനാകൂ. മോഷണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമികളുടെ വെടിയേറ്റെന്നാണ്‌ ആദ്യം കിട്ടിയ വിവരം. എന്നാല്‍ സ്‌ഥലത്ത്‌ വെടിവെയ്‌പ്പ് നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പിന്നീട്‌ അറിയിപ്പ്‌ കിട്ടി.
ശനിയാഴ്‌ച പുലര്‍ച്ചെ ഇദ്ദേഹം ഉള്‍പ്പെടെ നാലുപേര്‍ താമസിച്ച കെട്ടിടത്തില്‍ മോഷ്‌ടാക്കള്‍ കയറുകയും എല്ലാവരേയും കെട്ടിയിട്ട്‌ മോഷണം നടത്തുകയായിരുന്നു. കെട്ടഴിച്ചപ്പോള്‍ ശശി മരിച്ച നിലയിലായിരുന്നു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട്‌ കൊച്ചി ആസ്‌ഥാനമായ പൊതുമേഖലാ സ്‌ഥാപനത്തിന്റെ ദൗത്യവുമായാണ്‌ ശശി മൊസാംബിക്കിലേക്ക്‌ പോയത്‌. ജൂണില്‍ കരാര്‍ തീര്‍ത്ത്‌ നാട്ടില്‍ വരാനിരിക്കുമ്പോഴാണ്‌ മരണം കൊണ്ടുപോയത്‌. കമ്പനിയുടെ പ്രതിനിധികളും മൊസാംബിക്കിലേക്ക്‌ എത്തിയിട്ടുണ്ട്‌. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖേനെ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും ബന്ധപ്പെട്ടിട്ടുണ്ട്‌.




Sharing is Caring