കളത്തിലിറങ്ങുമ്പോള്‍ ആ ബൗളറെ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്


ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത് ആരാധകരെ ഹരംകൊള്ളിച്ചിരുന്ന താരമാണ് വിരേന്ദര്‍ സെവാഗ്. എതിരാളികള്‍ ആരാണെങ്കിലും നേരെ വരുന്ന ബോളുകള്‍ അടിച്ചുതെറിപ്പിച്ച് റണ്‍സ് വേട്ട നടത്തിയിരുന്ന താരം ക്രിക്കറ്റ് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. ആരേയും ഭയക്കാതെ എതിരെവരുന്ന ബോളുകളെ ബാറ്റുകൊണ്ട് പറത്തിക്കളഞ്ഞാണ് താരം എതിരാളികള്‍ക്ക് മറുപടി നല്‍കിയിരുന്നത്. ക്രിക്കറ്റ് കളത്തില്‍ അത്രയും ചങ്കൂറ്റമുള്ള താരമാണ് വീരു. ഇതുതന്നെയാണ് ആരാധകര്‍ക്കിടയില്‍ വീരേന്ദര്‍ സെവാഗ് ഇപ്പോഴും താരരാജാവായി തുടരുന്നതിന് കാരണം. ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ പലപ്പോഴും താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിട്ടുണ്ട്.


ക്രിക്കറ്റ് ലോകത്തിന് തന്നെ അഭിമാനം കൊള്ളാവുന്ന ഇടിവെട്ട് ബാറ്റ്‌സ്മാന്‍ പുതിയ വെളിപ്പെടുത്തലുമായാണ് രംഗത്തുവന്നിരിക്കുന്നത്. താരത്തിന് പേടിയുള്ള ബൗളര്‍ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കളത്തിലിറങ്ങുമ്പോള്‍ പാക് ബൗളര്‍ ഷുഹൈബ് അക്തറിനെയായിരുന്നു തനിക്ക് ഭയമെന്നാണ് സെവാഗ് തുറന്നു പറഞ്ഞിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അക്തറിന്റെ പന്ത് കാലിലോ ഹെല്‍മറ്റിലോ പതിക്കാം. പതലവണ അക്തറിന്റെ ബൗണ്‍സറുകള്‍ തന്റെ ഹെല്‍മറ്റില്‍ പതിച്ചിട്ടുണ്ട്. അക്തറിനെ ഭയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പന്തുകള്‍ അടിച്ചുപറത്താന്‍ ഇഷ്ടമായിരുന്നെന്നും സെവാഗ് വെളിപ്പെടുത്തി.


അതേസമയം, കളിക്കളത്തിലെ കളി ഇവര്‍ രണ്ട് പേരും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും കളത്തിന് പുറത്തുള്ള കളിയില്‍ രണ്ട് പേരും ഇടയ്ക്കിടയ്ക്ക് കൊമ്പുകോര്‍ക്കാറുണ്ട്. ഷോയിബ് അക്തര്‍ ഇന്ത്യയെ പുകഴ്ത്തുന്നതിന് പിന്നില്‍ ബിസിനസ് താല്‍പര്യങ്ങളാണ് എന്ന സെവാഗിന്റെ വാക്കുകള്‍ താരത്തെ രോക്ഷാകുലനാക്കിയിരുന്നു. ഉപഭൂഖണ്ഡത്തില്‍ ബിസിനസ് താല്‍പര്യങ്ങള്‍ ഉള്ളത് കൊണ്ടാണ് അക്തര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പുകഴ്ത്തി സംസാരിക്കുന്നത് എന്ന് സെവാഗ് പറഞ്ഞ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ തമ്മില്‍ ശത്രുതയിലായത്.



Sharing is Caring