കനത്ത മഴ; തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം


സംസ്ഥാനത്ത് പരക്കേ കനത്ത മഴ. രണ്ടു ദിവസമായി പല മേഖലകളിലും തുടര്‍ന്നിരുന്ന മഴ ഇന്ന് സംസ്ഥാനമൊട്ടാകെ ലഭിച്ചുവെന്നാണ് സൂചന. ഇന്നലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ നല്ല മഴ ലഭിച്ചുവെങ്കിലും മറ്റു ജില്ലകളില്‍ കാര്യമായ മഴയുണ്ടായിരുന്നില്ല.
തെക്കന്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുന്നത്. തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. 110 ഓളം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. വീടുകള്‍ ഉപേക്ഷിച്ച് പ്രദേശവാസികള്‍ റോഡുകളില്‍ നില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളിലേക്ക് പോകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വന്തം വീടുകളില്‍ നിന്ന് മാറില്ലെന്നും ഇവര്‍ പറയുന്നു.
ആലപ്പുഴ ജില്ലയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരദേശ പാതയിലും വെള്ളം കയറി. തൃക്കുന്നപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.




Sharing is Caring