കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. സർക്കാരിന്റെ വിശദീകരണക്കുറിപ്പും ഗവർണ്ണർ അംഗീകരിച്ചു. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് വ്യക്തത ഇല്ലെന്ന കാരണത്താൽ ഗവർണർ പി സദാശിവം മടക്കിയയച്ചിരുന്നു.
പ്രവേശന നടപടി സംബന്ധിച്ച വിധി സാധൂകരിക്കുന്നതിനാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. അന്ന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് അപ്രസക്തമായതിനാൽ വിശദീകരണം നൽകണമെന്നും ഗവർണർ നിർദ്ദേശം നൽകിയിരുന്നു.

മെഡിക്കൽ കോളേജ് സർക്കാരുമായി കരാർ ഒപ്പിടാതെ നേരിട്ടാണ് കഴിഞ്ഞ വർഷം പ്രവേശനം നടത്തിയത്. ഇത് പരിശോധിച്ച മേൽനോട്ട സമിതി കോളേജിലെ മുഴുവൻ വിദ്യാർഥികളുടെയും പ്രവേശനം റദ്ദാക്കുകയായിരുന്നു. പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇത് മറി കടക്കുന്നതിനായാണ് സർക്കാർ പ്രത്യേക ഓർഡിനൻസ് സമർപ്പിച്ചത്.













