കടത്തനാടിന്റെ റെഡ് സല്യൂട്ട്


അഴിമതിക്കും അനീതിക്കും അസഹിഷ്ണുതക്കുമെതിരായ വികസന–രാഷ്രടീയ സന്ദേശവുമായെത്തിയ സമരനായകര്‍ക്ക് കടത്തനാടിന്റെ റെഡ് സല്യൂട്ട്. മതനിരപേക്ഷ–അഴിമതിവിമുക്ത–വികസിത കേരളം എന്ന മുദ്രാവാക്യവുമായി, ഭാവികേരളത്തിന്റെ സൃഷ്ടിക്കായി ചുവടുറപ്പോടെ നീങ്ങുന്ന നവകേരള മാര്‍ച്ചിന്റെ പ്രയാണത്തിന് കടത്തനാടന്‍ ഗ്രാമങ്ങളില്‍ ഉജ്വല വരവേല്‍പ്പ്. ജാഥയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനത്തിലെ പര്യടനം ആവേശോജ്വലമായി. നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലായി അരലക്ഷത്തിലേറെപ്പേര്‍ മാര്‍ച്ചില്‍ പങ്കാളിയായി.


മൊകേരിയിലെ സമരധീരരുടെ ആവേശവും ഒഞ്ചിയം രക്തസാക്ഷികളുടെ ഉശിരും ഏറ്റുവാങ്ങിയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് വ്യാഴാഴ്ച പര്യടനം തുടങ്ങിയത്. ചെമ്പതാകയും ചെമ്പടയും ഇരമ്പുന്ന പതിനായിരങ്ങളുള്ള സമരഭൂമികയിലൂടെയുള്ള യാത്ര ഒരുദേശത്തിന്റെയാകെ ഹൃദയാഭിവാദനങ്ങളേറ്റുവാങ്ങി.


രാവിലെ പേരാമ്പ്ര ചേര്‍മല സാംബവ കോളനിയിലെത്തിയ ജാഥാനായകന്‍ ജീവിതസങ്കടങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുമായും ദേശാന്തര ശ്രദ്ധയാകര്‍ഷിച്ച നാളികേര ഉല്‍പന്നാധിഷ്ഠിതസംരംഭം പേരാമ്പ്രയിലെ സുഭിക്ഷയുടെ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. മാര്‍ച്ചിലെ അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരും സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു.



Sharing is Caring