ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും


ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.പി.സുധീറാണ് ശിക്ഷ വിധിച്ചത്.


പിഴത്തുകയില്‍ നിന്ന് 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം. കരുതിക്കൂട്ടിയുള്ള കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയ കോടതി 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് പ്രതി ജീവപര്യന്തം ശിക്ഷ അര്‍ഹിക്കുന്നതായി വിധിച്ചു. മറ്റ് ആറ് വകുപ്പുകള്‍ പ്രകാരമാണ് 24 വര്‍ഷത്തെ കഠിന തടവും വിധിച്ചിട്ടുള്ളത്. ശിക്ഷ പ്രത്യേകം അനുഭവിക്കണം. കോടതിയില്‍ കള്ളസാക്ഷി പറഞ്ഞതിന് മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ പ്രതിയാക്കി കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇന്നലെ ഉച്ചക്ക് 12.50ഓടെയാണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.


ക്രൂരമായ ആക്രമണം, പരിക്കേല്‍പ്പിക്കല്‍ എന്നിവക്ക് ശിക്ഷാനിയമം 323, 324 പ്രകാരം ഒരു വര്‍ഷം, മൂന്നുവര്‍ഷം തടവുകളും വകുപ്പ് 326 പ്രകാരം പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, 427 പ്രകാരം രണ്ടുവര്‍ഷം തടവും 20000 രൂപ പിഴയും 449-ാം വകുപ്പുപ്രകാരം അഞ്ചു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും, 506-ാം വകുപ്പ് പ്രകാരം വധഭീഷണിക്ക് മൂന്നു വര്‍ഷം കഠിനതടവും ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. വകുപ്പ് 302 പ്രകാരമാണ് ജീവപര്യന്തവും 70 ലക്ഷം രൂപ പിഴയും. ഇത്രയും ഉയര്‍ന്ന പിഴത്തുക ചുമത്തുന്നത് അത്യപൂര്‍വ്വമായാണെന്നും കേരളത്തില്‍ ഇതിന് മുമ്പ് ഇത്രയും ഉയര്‍ന്ന പിഴത്തുക ചുമത്തിയിട്ടില്ലെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.



Sharing is Caring