ഫയല്‍ ചിത്രം
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ചൈനയില്‍ നടക്കുന്ന യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകേണ്ടിയിരുന്ന സംഘത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണിക്കാതെയാണ് അനുമതി നിഷേധിച്ചത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും പിണറായി കത്തയച്ചത്.
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്ടപ്പെടുമെന്ന് കത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്.
ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.













