മെല്‍ബണ്‍: ആസിയാന്‍ ഉച്ചകോടിക്കായി ഓസ്ട്രേലിയയില്‍ എത്തിയ മ്യാന്മര് നേതാവ് ഓങ് സാന്‍ സ്യൂചിക്കെതിരേ പ്രോസിക്യൂഷന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു. ന്യൂനപക്ഷ രോഹിംഗ്യ മുസ്ലിംകള്ക്ക് എതിരേ മ്യാന്മറില് നടന്ന പീഡനത്തിന്റെ പേരിലാണിത്.
എന്നാല്‍, ഓസീസ് കോടതികള്‍ക്ക് സ്യൂചിക്ക് എതിരേ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും അവര്‍ക്ക് നിയമപരിരക്ഷയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ ക്രിസ്ത്യന്‍ പോര്‍ട്ടര്‍ വ്യക്തമാക്കി. മ്യാന്മര് സൈന്യം രോഹിംഗ്യകളുടെ വസതികള്‍ ചുട്ടെരിക്കുകയും നിരവധി പേരെ വധിക്കുകയും സ്ത്രീകളെ ബലാത്കാരം ചെയ്യുകയും ചെയ്തു. ഇതെത്തുടര്‍ന്നു ഏഴുലക്ഷത്തോളം രോഹിംഗ്യകള്‍ ബംഗ്ളാദേശില്‍ അഭയം തേടി. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റിലെ സൈനിക നടപടി വംശീയ ശുദ്ധീകരണമാണെന്ന് ആരോപണമുണ്ട്.

അറ്റോര്‍ണി ജനറല്‍ ക്രിസ്ത്യന്‍ പോര്‍ട്ടറുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാനാവുമെന്ന് ഒരു അഭിഭാഷകന് ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.













