ഓഫ് സൈഡിന് പുറത്തേക്ക് പന്തെറിഞ്ഞാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം; വെളിപ്പെടുത്തലുമായി ഷെയിന്‍ വോണ്‍


ക്യാന്‍ബെറ: മത്സരത്തില്‍ മോശമായി ബോള്‍ ചെയ്യാന്‍ പാകിസ്താന്‍ മുന്‍ നായകന്‍ സലിം മാലിക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ഷെയിന്‍ വോണ്‍. 1994ലെ കറാച്ചി ടെസ്റ്റിനിടയിലാണ് സംഭവം. ഓഫ് സൈഡിന് പുറത്തേക്ക് പന്ത് എറിഞ്ഞാല്‍ അരമണിക്കൂറിനകം നിങ്ങളുടെ മുറിയില്‍ പറഞ്ഞ പണം എത്തുമെന്നായിരുന്നു പാക് നായകന്‍ പറഞ്ഞത്. മത്സരം സമനിലയില്‍ ആവുകയും വേണമെന്നും സലിം മാലിക്ക് നിര്‍ദേശിച്ചിരുന്നതായി വോണ്‍ പറയുന്നു.


ആത്മകഥയായ നോ സ്പിന്നിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓസീസ് സ്പിന്നറുടെ വെളിപ്പെടുത്തല്‍. 1994ലെ ഈ സംഭവത്തിന് പിന്നാലെ 1995ല്‍ ഷെയിന്‍ വോണ്‍, മാര്‍ക്ക് വോ, തിം മെയ് എന്നിവര്‍ക്ക് സലിം മാലിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. പാകിസ്താനി വാദുവെപ്പുകാരനായ സലിം പെര്‍വെസ്, സലിം മാലിക്കിന് ഒത്തുകളിക്ക് വേണ്ടി 42 ലക്ഷം രൂപ കൈമാറിയിരുന്നതായി പാക് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയരുന്നു.


പിന്നാലെ, വിവരങ്ങള്‍ ഇന്ത്യന്‍ വാദുവെപ്പുകാരന് ചോര്‍ത്തിയെന്ന ആരോപണത്തില്‍ മാര്‍ക്ക് വോയും ഷെയിന്‍ വോണും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇരുവര്‍ക്കും ശിക്ഷ വിധിച്ചുവെങ്കിലും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.



Sharing is Caring