ഓപ്പറേഷന്‍ ടേബിളില്‍ കിടത്തി ടോര്‍ച്ചടിച്ച് ശസ്ത്രക്രിയ ചെയ്തു; ബീഹാറില്‍ സ്ത്രീ മരിച്ചു


ബീഹാര്‍: ബീഹാറിലെ സഹര്‍സയിലെ സദര്‍ ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. റൂബി കുമാരി എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് യുവതി ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.


അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ ചെയ്തത്. രോഗിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുമ്പോള്‍ ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണിന്റെയും വെളിച്ചത്തിലാണ് ഓപ്പറേഷന്‍ നടന്നത്. ഓപ്പറേഷനുശഷം രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ടു ദിവസം കൂടെ കാത്തുനില്‍ക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ആശുപത്രി അധികൃതര്‍ പറയുന്നതില്‍ അസംതൃപ്തരായ യുവതിയുടെ ബന്ധുക്കള്‍ ഇവരെ പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് റൂബി കുമാരി മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ വീഴ്ച്ചയില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ഇവരുടെ ബന്ധുക്കള്‍.

യുവതി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.



Sharing is Caring