ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിനെതിരേ മന്ത്രിക്ക് മാധ്യമപ്രവര്‍ത്തകരുടെ കത്ത്


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പത്ര ടിവി മാധ്യമങ്ങളുടേതിന് സമാനമായ പരമ്ബരാഗത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരേ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മാധ്യമപ്രവര്‍ത്തകരുടെ കത്ത്. നൂറിലധികം മാധ്യമപ്രവര്‍ത്തകരും ഓണ്‍ലൈന്‍ മീഡിയ പ്രതിനിധികളും ഒപ്പുവെച്ച കത്താണ് മന്ത്രിക്കയച്ചത്.


അച്ചടി, ടിവി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഏപ്രില്‍ 4നാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ അറിയിച്ചത്.ഇതോടൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം സ്മൃതി ഇറാനിക്ക് കത്തയച്ചത്.


ഇന്റര്‍നെറ്റിലെ വാര്‍ത്താ ഉള്ളടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിലവിലില്ല എന്ന ഉത്തരവിലെ പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകര്‍ കത്തില്‍ ഖണ്ഡിച്ചു.നിലവിലുള്ള ഐടി ആക്‌ട് തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖയാണെന്നും ആ നിയമം മറികടക്കുന്നവര്‍ക്ക് നിയമം കര്‍ശനമായ ശിക്ഷ നല്‍കുന്നുണ്ട്. ഐപിസിയും വാര്‍ത്ത ഷെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ കൃത്യമായി പറയുന്നുണ്ടെന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു.

,വാര്‍ത്താ ചാനലുകളില്‍ നിന്നും പത്രമാധ്യമങ്ങില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പങ്കുവെക്കുന്നത്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു പുറമെ അതിന്‍മേല്‍ തുറന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങളിലൂടെ രാഷ്ട്രീയപരമായ വിയോജിപ്പുള്ളവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ അവസരങ്ങള്‍ നല്‍കുകയാണ്’, കത്ത് കുറ്റപ്പെടുത്തുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പ്രാണ്‍ജോയ് ഗുഹ താക്കൂര്‍ത്താ രാഘവ് ബാല്‍,മധു ട്രെഹാന്‍,നളിനി സിങ് രമണ്‍ ക്രിപാല്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.



Sharing is Caring