കാണ്‍പൂര്‍: പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയെ ചൊല്ലിയുള്ള വിവാദം ഉത്തര്‍പ്രദേശില്‍ കൊഴുക്കുന്നു. ജിന്നയെ രാജ്യത്തിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ചുകൊണ്ട് യു.പി ഉപമുഖ്യമന്ത്രിയാണ് ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യശത്രുവിനെ ഒരു പൗരനും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ജിന്നയുടെ ചിത്രം അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ സ്ഥാപിച്ചതാണ് വിവാദത്തിന്റെ തുടക്കം. ഇതില്‍ വിശദീകരണം തേടി ബി.ജെ.പി എം.പി സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ വിഭജനത്തിന് മുന്‍പ് ജിന്ന ഈ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കരുതെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി പ്രസാദ് മൗര്യ പറഞ്ഞത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണെന്നും അത് പിന്നീട് പരിഹരിക്കുമെന്നുമാണ് ഉപമുഖ്യമന്ത്രി പ്രതികരിച്ചത്.

അതേസമയം, ഈ രാജ്യത്തിന്റെ വിഭജനത്തിന് കാരണമായ വ്യക്തിയെ ഒരിക്കലും ബഹുമാനിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും യോഗി പറഞ്ഞിരുന്നു.













