ഓടിച്ചിട്ട് പിടികൂടിയ യുവാവിന്റെ കാറില്‍ മയക്കുമരുന്നും കത്തിയും


കാസര്‍കോട്: മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി സ്വദേശി അബ്ദുല്‍റൗഫിനെ (33) കാസര്‍കോട് എസ് ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.


ഓടി രക്ഷെപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിനു സാരമായി പരിക്കേറ്റ റൗഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. റൗഫില്‍ നിന്ന് 1.8 ഗ്രാം എം. ഡി .എം. എ കണ്ടെടുത്തു. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയകരമായ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിക്കാന്‍ വരുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടുകയായിരുന്നു. ഒരാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഉപ്പള മണ്ണംകുഴി സ്വദേശി മുഹമ്മദ് നവാസ് ബാഗുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്നും ഒരു കത്തി, ഏതാനും ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.




Sharing is Caring