ഓഖി ഫണ്ട് ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്‌ഡിആര്‍എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സിഎംഡിആര്‍എഫും എസ്‌ഡിആര്‍എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും.

ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സിഎംഡിആര്‍എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്.
പ്രതിപക്ഷനേതാവ് നല്ല നിലപാടായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. വിമര്‍ശനം ഉണ്ടായില്ലെങ്കില്‍ പ്രതിപക്ഷമാകില്ല എന്ന് അദ്ദേഹത്തോട് ആരോ ഉപദേശിച്ചുകാണും. ആ തരത്തിലാണ് ഇപ്പോള്‍ വിമര്‍ശനത്തിനുവേണ്ടിയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷനേതാവ് നോക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി സമയത്ത് 104 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നിരുന്നുവെന്നും അതില്‍ 24 കോടിരൂപമാത്രമേ ചിലവഴിച്ചുള്ളൂ എന്നുമാണ് ചെന്നിത്തല വാദിച്ചിരുന്നത്. കേരളത്തിന് സഹായം നല്‍കരുതെന്ന ചില പ്രചരണങ്ങള്‍ ശ്രദ്ധയിലുണ്ടെന്നും, പക്ഷേ അത് പൊതുസമൂഹം ശ്രദ്ധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.













