തിരുവനന്തപുരം: കെ.എ.എസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം ജീവനക്കാര്‍ ഇന്നുമുതല്‍ ജോലി ബഹിഷ്കരിക്കും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദുമായി ജീവനക്കാരുടെ സംഘടനാ നേതൃത്വമാണ് ഇന്നലെ ചര്‍ച്ച നടത്തിയത്.
കെ.എ.എസ് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണെന്നും കരട് ചട്ടം തയാറാക്കി വരികയാണെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ 50 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെക്കാതെയുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്നായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ നിലപാട്.
ഇന്നു മുതല്‍ നിസഹകരണസമരമാരംഭിക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചതായും ഇവര്‍ അറിയിച്ചു.

സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് യോഗത്തില്‍ പങ്കെടുത്തെങ്കിലും കെ.എ.എസ് നടപ്പാക്കുന്നതിന് അനുകൂല നിലപാടാണ് യോഗത്തില്‍ വ്യക്തമാക്കിയത്. കെ.എ.എസുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്, ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്, ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള ലെജിസ്ളേറ്റീവ് സെക്രട്ടേറിയറ്റ് എംപ്ളോയീസ് ഓര്ഗനൈസേഷന് എന്നി സംഘടനകളാണ് ആക്ഷന്‍ കൗണ്‍സിലിലുള്ളത്.













