ഒരു വര്‍ഷത്തേക്ക് മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ച്‌ തെലങ്കാന സര്‍ക്കാര്‍


ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണങ്ങളില്‍ മയോണൈസിന്റെ ഉപയോഗം നിരോധിച്ച്‌ തെലങ്കാന സർക്കാർ.മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്നാണ് ഒരു വര്‍ഷത്തേക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയത്.


ഹൈദരാബാദില്‍ മോമോസ് കഴിച്ച്‌ ഒരാള്‍ മരിക്കുകയും 15 പേർ രോഗബാധിതരാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ്.


മുട്ട ചേർത്ത് തയ്യാറാക്കുന്ന മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭക്ഷണത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

സാൻഡ്‌വിച്ചുകള്‍, മോമോസ്, ഷവർമ, അല്‍ ഫഹാം ചിക്കൻ തുടങ്ങിയ വിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട അടിസ്ഥാനമാക്കിയുള്ള മയോണൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് അടുത്തിടെയുണ്ടായ നിരവധി ഭക്ഷ്യവിഷബാധ കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മുട്ടയും എണ്ണയും വിനാഗിരിയോ നാരങ്ങാനീരോ ചേർത്താണ് മയോണൈസ് തയ്യാറാക്കുന്നത്.

മുട്ടയില്‍ നിന്ന് നിർമ്മിച്ച മയോണൈസ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായതായി സംശയിക്കുന്നതിനാലാണ് ഈ നീക്കമെന്ന് തെലങ്കാന ഫുഡ് സേഫ്റ്റി കമ്മീഷണർ പറഞ്ഞു. ഒരു ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് കണ്ടാല്‍ സുരക്ഷ മുൻനിർത്തി അത് നിരോധിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring