ഒരാളെ പാക്കിസ്ഥാനി എന്നോ മിയാൻ-ടിയാൻ എന്നോ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇത്തരം പ്രയോഗങ്ങൾ മോശമാണ്. എന്നാൽ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ക്രിമിനൽ കുറ്റമായി കണക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ജാർഖണ്ഡിൽ നിന്നുള്ള കേസിലാണ് കോടതി ഉത്തരവ്.അത്തരം പരാമർശങ്ങൾ നടത്തിയതിന് 80 വയസുള്ള ഒരു വ്യക്തിക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസ് കോടതി റദ്ദാക്കുകയും ചെയ്തു. ‘മിയാൻ-ടിയാൻ’, ‘പാകിസ്ഥാൻ’ എന്ന് വിളിച്ച് വിവരമറിയിക്കുന്നയാളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം. നടത്തിയ പ്രസ്താവനകൾ മോശമാണ്.
എന്നിരുന്നാലും, ഇത് പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമല്ല,”- ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.ഹരി നന്ദൻ സിംഗ് എന്ന 80-കാരൻ പരാതിക്കാരനെ വർഗീയ അധിക്ഷേപങ്ങൾ ഉപയോഗിച്ച് അപമാനിക്കുകയും ക്രിമിനൽ ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതിയിൽ പറയുന്നത്. ഐപിസി സെക്ഷൻ 298 (മതവികാരം വ്രണപ്പെടുത്തൽ), 504 (സമാധാന ലംഘനത്തിന് മനഃപൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 353 (പൊതുപ്രവർത്തകനെ ഡ്യൂട്ടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ആക്രമണം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.














