ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വി.എസിന് വേണമെങ്കിൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വി.എസ് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ പലതവണ അന്വേഷണം നടന്നതാണെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു. കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ 20 വർഷമായ കേസിൽ വീണ്ടും തർക്കം ഉന്നയിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിനുള്ള വേദിയായി കോടതിയെ കാണരുതെന്നും ഡിവിഷൻ ബെഞ്ച് ശക്തമായ മുന്നറിയിപ്പ് നൽകി.













