ഐ ലീഗും, സൂപ്പര്‍കപ്പും കൈവിട്ടതിന് പിന്നാലെ പരിശീലകന്‍ ഖാലിദ് ജമീലിനെ പുറത്താക്കി ഈസ്റ്റ് ബംഗാള്‍


കൊല്‍ക്കത്ത: ഐ ലീഗും സൂപ്പര്‍ കപ്പും കൈവിട്ടതിന് പിന്നാലെ പരിശീലകന്‍ ഖാലിദ് ജമീലിനെ പുറത്താക്കി ഈസ്റ്റ് ബംഗാള്‍ എഫ്‌സി. ജമീലിന് പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല ക്ലബ്ബിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ സുഭാഷ് ഭൗമികിനാണ്.


ജമീലുമായി രണ്ട് വര്‍ഷത്തെ കരാറാണ് ക്ലബ്ബിന്റേത്, കാലാവധി തീരാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കെയാണ് ടീമിന്റേത് മോശം പ്രകടനമാണെന്ന് ആരോപിച്ച്‌ പരിശീലകനെ പുറത്താക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജമീലിനെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്താന്‍ സാധിക്കില്ല, ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല ഭൗമികിനാണ്, ഈസ്റ്റ് ബംഗാള്‍ സെക്രട്ടറി കല്യാണ്‍ മജുംദെര്‍ വ്യക്തമാക്കി.


ഐലീഗില്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഈസ്റ്റ് ബംഗാള്‍, സൂപ്പര്‍ കപ്പ് ഫൈനലില്‍ ബംഗളുരു എഫ്‌സിയോട് പരാജയപ്പെടുകയായിരുന്നു. താരതമ്യേന അത്ര മോശം പ്രകടനവുമല്ല ടീമിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ടെക്‌നിക്കല്‍ ഡയറക്ടറായ ഭൗമിക്, ജമീലിന്റെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗളുരു എഫ്‌സിയുമായുള്ള ഫൈനല്‍ മത്സരത്തിന് ശേഷം ഭൗമിക് അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ജമീലിന് പുറത്തേക്കുള്ള വഴിതെളിച്ചതും. നേരത്തെ മുംബൈ എഫ്‌സി, ഐസ്വാള്‍ എഫ്‌സി ടീമുകളുടെ പരിശീലകനായിരുന്നു ജമീല്‍.



Sharing is Caring