ഐ.എസ്. ബന്ധം:അറസ്റ്റിലായവരില്‍ തേജസ് ദിനപ്പത്രത്തിലെ ജീവനക്കാരനും


ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തവരില്‍ പത്രജീവനക്കാരനും.തേജസ് ദിനപ്പത്രത്തിലെ വെബ് ഡിസൈനറാണ് കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ അറസ്റ്റിലായ മലപ്പുറം പൊന്‍മുണ്ടം സ്വദേശി സഫ്വാന്‍. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി തേജസ് പത്രം അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടു നടന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ക്യാംപയിന്‍ സമാപനസമ്മേളനത്തില്‍ സഫ്വാന്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. അന്നു രാത്രിവരെ സമ്മേളനനഗരിയിലുണ്ടായിരുന്നു. മലപ്പുറത്തുനിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്‌വാന്‍, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐയുടെ സജീവപ്രവര്‍ത്തകനാണ്. നേരത്തെ പാലക്കാട് നിന്നും ഐഎസില്‍ ചേര്‍ന്ന അബു താഹിര്‍ തേജസിന്റെ പാലക്കാട് ലേഖകനായിരുന്നു.തീവ്രവാദക്കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് എന്‍ഐഎക്ക് വ്യക്തമായി. തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന പോലീസും അന്വേഷിക്കും.മൂവാറ്റുപുഴയില്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്റെ കൈവെട്ടി മാറ്റിയത് പോപ്പുലര്‍ ഫ്രണ്ടുകാരായിരുന്നു. കണ്ണൂര്‍ നാറാത്ത് തീവ്രവാദ പരിശീലനം സംഘടിപ്പിച്ച് അറസ്റ്റിലായ 21 പേരും പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കളമശേരിയില്‍ തമിഴ്‌നാട് ബസ് കത്തിച്ച സംഭവത്തിലും പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ സിമി ക്യാമ്പ് എന്നീ കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം പുറത്തുവന്നു.2007 മാര്‍ച്ച് 21-ന് കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതിയാണ് സഫ്വാന്‍.




Sharing is Caring