പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്ഐക്ക് കെഎസ്യു വോട്ട് ചെയ്തതിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് കെഎസ്യു. കോളേജിലെ യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതായി കെഎസ്യു ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്. കോളേജിലെ കെഎസ്യു യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും തുടർന്നുണ്ടായ സംഭവങ്ങളിലും അന്വേഷണത്തിനായി പാലക്കാട് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു.
കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്ത കെഎസ്യു പ്രവർത്തകർക്ക് എതിരെ നടപടി എടുക്കുമെന്ന് കെഎസ്യു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് കമ്മിറ്റി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നീക്കം. യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്യു മത്സരിക്കുമെന്ന് യുഡിഎസ്ഫ് നേതാക്കൾ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്യു നോമിനേഷൻ നൽകിയില്ലെന്ന് മാത്രമല്ല എസ്എഫ്ഐ സ്ഥാനാർത്ഥികൾക്ക് വോട്ടും ചെയ്തു.

പത്തുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്. ചെയർമാൻ, വൈസ് ചെയർമാൻ, ജോയിൻ സെക്രട്ടറി, മാഗസിൻ എഡിറ്റർ, യുയുസി തുടങ്ങിയ പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ വിജയിച്ചു.













