സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിനെ എസ്.ബി.ഐ യില്‍ ലയിപ്പിക്കുന്ന പ്രക്രിയ സുതാര്യമാക്കണമെന്ന് ഓഹരിയുടമകള്‍ ആവശ്യപ്പെട്ടു. മേയ് 17ന് മുംബയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അജണ്ടയില്‍ ലയനം അനിവാര്യമാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും വച്ചിരുന്നില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സാജന്‍ പീറ്ററും എം.സി ജേക്കബും പത്ര സമ്മേളനത്തില്‍ പറഞ്ഞു. 20 ശതമാനം വരുന്ന ഓഹരിയുടമകളെ പ്രതിനിധീകരിക്കുന്ന സ്വതന്ത്റ ഡയറക്ടര്‍മാരാണ് ഇരുവരും.
ആരോപണങ്ങള്‍
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എസ്.ബി.ഐയില്‍ ലയിക്കുന്ന നാല് അസോസിയേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കും ചര്‍ച്ചയ്ക്കായി നല്‍കിയത് അര മണിക്കൂര്‍ മാത്രം.
ലയനം കൊണ്ടുള്ള നേട്ടമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇത് സാങ്കേതികമായി ലയനമല്ലെന്നായിരുന്നു മറുപടി. നേരത്തേ ബാങ്ക് ഒഫ് സൗരാഷ്ട്ര, ബാങ്ക് ഒഫ് ഇന്‍ഡോര്‍ എന്നിവയെ ലയിപ്പിച്ച ശേഷം എസ്.ബി.ഐക്കുണ്ടായ നേട്ടവും വ്യക്തമാക്കിയില്ല.
ലയനം ഗുണഭോക്താക്കള്‍ക്കും സംസ്ഥാന താത്പര്യങ്ങള്‍ക്കും ഗുണകരമാവുമെന്ന് രേഖകള്‍ സഹിതം ബോദ്ധ്യപ്പെടുത്താനായാല്‍ എതിര്‍ക്കില്ല. എന്നാല്‍, ഇതുസംബന്ധിച്ച ഒരു വിവരവും ചര്‍ച്ചചെയ്യാന്‍ തയ്യാറാവാതെയാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
ചീഫ് ജനറല്‍ മാനേജരായിരുന്ന ആദികേശവനെ ലയനത്തിന്റെ തുടര്‍ ചര്‍ച്ചകളില്‍ എസ്.ബി.ടിയെ പ്രതിനിധീകരിക്കാന്‍ നിയോഗിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ സ്ഥലം മാറ്റി.
ലയനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ എസ്.ബി.ഐ തയ്യാറായിട്ടില്ല.

എസ്.ബി.ടിയും കേരളവും
കേരളത്തില്‍ നിക്ഷേപ രംഗത്ത് 23 ശതമാനവും വായ്പയില്‍ 18 ശതമാനവും വിപണി പങ്കാളിത്തമുള്ള ബാങ്കായ എസ്.ബി.ടി സംസ്ഥാനത്തെ വികസന രംഗത്ത് മുഖ്യപങ്കാണ് വഹിക്കുന്നത്.













