എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും


നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. 25ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സത്യപ്രതിജ്ഞ.


വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍, എംഎല്‍എമാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍, പൌരപ്രമുഖര്‍, എല്‍ഡിഎഫിന്റെ വിജയത്തിന് അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തും. സംസ്ഥാനത്തിന്റെ സമസ്ത ജീവിതമേഖലകളെയും തകര്‍ത്തെറിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യംകുറിച്ച ജനവിധിയുടെ അലയൊലികള്‍ സത്യപ്രതിജ്ഞാവേദിയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭാ രൂപീകരണവും ഘടകകക്ഷികളുടെ മന്ത്രിമാരെ തീരുമാനിക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.


സത്യപ്രതിജ്ഞയോടുനബന്ധിച്ച് സിപിഐ എം എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലിന് എ കെ ജി സെന്ററില്‍ യോഗം. മന്ത്രിമാരെ തീരുമാനിക്കാനായി ഞായറാഴ്ച സിപിഐ എം സെക്രട്ടറിയേറ്റും ഉച്ചതിരിഞ്ഞ് എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയിലാകും മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയെന്നാണ് സൂചന. മന്ത്രിസഭ രൂപീകരണവുമായി ബന്ധപെട്ട് സിപിഐ എം സിപിഐ ചര്‍ച്ചയും ഞായറാഴ്ച നടക്കുന്നുണ്ട്. ഇത് കൂടാതെ സിപിഐ മന്ത്രിമാരെ തീരുമാനിക്കാനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന കൌണ്‍സില്‍ യോഗവും തിങ്കളാഴ്ച ചേരുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരൊക്കെയാവും മന്ത്രിമാര്‍ എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകും.



Sharing is Caring