റിയാദ്: ആഗോളതലത്തില്‍ എണ്ണവില കുത്തനെ കൂടി. അസംസ്കൃത എണ്ണവില 20ശതമാനം കൂടി ബാരലിന് 70 ഡോളറായി. സൗദി അറേബ്യയിലെ എണ്ണക്കമ്ബനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് വില വര്‍ദ്ധനവ്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ബാരലിന് 80 ഡോളര്‍ വരെ വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയും. ലോകത്തെ പ്രതിദിന എണ്ണ വിതരണത്തില്‍ അഞ്ച് ശതമാനമാണ് കുറയുന്നത്.

കനത്ത നാശനഷ്ടമുണ്ടായ ബുഖ്യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സൗദിയില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.
അതേസമയം പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുള്ള നടപടികള്‍ അമേരിക്ക തുടങ്ങിക്കഴിഞ്ഞു. യെമനില്‍ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹൂതി വിമതര്‍ക്ക് ഇറാന്റെ പിന്തുണയുള്ളതാണ് അദ്ദേഹം സൂചിപ്പിച്ചത്. യെമനേക്കാള്‍ സൗദി എണ്ണകേന്ദ്രങ്ങളോട് അടുത്തു കിടക്കുന്നതും ഇറാന് സ്വാധീനമുള്ളതുമായ ഇറാക്കില്‍ നിന്നാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്താനുളള ശ്രമങ്ങള്‍ക്ക് ഇറാന് തുരങ്കം വച്ചതായും യു.എസ് ആരോപിച്ചു.













