തിരുവനന്തപുരം: എടപ്പാളിലെ തീയറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ച തീയറ്റര്‍ ഉടമയെ പോലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്.
പെണ്‍കുട്ടിയെ പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങള്‍ സഹിതം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിച്ചത് തീയറ്റര്‍ ഉടമയാണ്. ഇല്ലെങ്കില്‍ ഈ സംഭവം പുറംലോകമറിയില്ല. വിഷയത്തില്‍ ശക്തമായി ഇടപെട്ട തീയറ്റര്‍ ഉടമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പോലീസ് കേസില്‍ കുടുക്കിയത്. സിപിഎം ഉന്നതരുടെ നിര്‍ദ്ദേശം ഇതിനായി പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അധികാരപരിധി വിട്ട് തെറ്റായ പ്രവര്‍ത്തനം നടത്തുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ദൗര്‍ഭാഗ്യവശാല്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ദിവസംതോറും പോലീസ് വീഴ്ചകളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) താന്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും നിലവില്‍ ഇത് സംബന്ധിച്ച ഫയല്‍ തന്റെ മുന്പില് എത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ചല്ല കേസില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. പോലീസ് ഇരകള്‍ക്കൊപ്പമാണെന്നും അറസ്റ്റ് നിയമപരമാണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്കി.
പോലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ പ്രതിപക്ഷം സഭയില്‍ ബഹളംവച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന്റെ മുന്‍പിലെത്തിയും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.













