എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തില്‍വച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ഇരുപക്ഷങ്ങളും നേരത്തെ ചെന്നൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ജയലളിത സ്മാരകത്തിലേക്ക് പോയത്.
ജയലളിതയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയുടെ വസതിയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഒ പനീര്‍ശെല്‍വം വിഭാഗവും നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
പനീര്‍ശെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ശശികലയെ നീക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ലയനത്തോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്ബായി പാര്‍ട്ടി ചിഹ്നം അടക്കമുള്ള വിഷയങ്ങളില്‍ ഒരുവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ, ബെംഗളൂരു ജയിലില്‍ കഴിയുന്ന ശശികലയെ അനന്തരവന് ദിനകരന് രാവിലെ സന്ദര്‍ശിച്ചിരുന്നു. 40 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ദിനകരന് അവകാശപ്പെടുന്നത്. എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.













