എം.വി. ശ്രേയാംസ് കുമാര്‍ എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍


ലോക്താന്ത്രിക് ജനതാ ദള്‍ (എല്‍.ജെ.ഡി) സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ ദേശീയ നേതൃത്വം തിരഞ്ഞെടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുശീല മുറാലെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറിയായി വര്‍ഗീസ് ജോര്‍ജിനെയും നിയമിച്ചിട്ടുണ്ട്.


ദേവഗിരി കോളേജിലെ പഠനകാലത്ത് വിദ്യാര്‍ത്ഥി ജനതയിലൂടെയാണ് എം.വി.ശ്രേയാംസ് കുമാര്‍ രാഷ്ട്രീയപ്രവേശനം നടത്തുന്നത്. പഠനശേഷം ജനതാപാര്‍ട്ടിയുടെ കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹി, നിയോജകമണ്ഡലം ഭാരവാഹി, യുവജനതാദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനതാദള്‍ വയനാട് ജില്ലാ സെക്രട്ടറി, യുവജനതാ ദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍, ജനതാദള്‍ എസിന്റെ വയനാട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്ബോഴാണ് 2006ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്.


തുടര്‍ന്ന് 2011ലും കല്‍പ്പറ്റ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ഈ കാലയളവില്‍ ജെ.ഡി.എസിന്റെ നിയമസഭാ പാര്‍ട്ടി ലീഡറും അഖിലേന്ത്യാ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു ശ്രേയാംസ് കുമാര്‍. ജെ.ഡി.യുവിന്റെ അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ജോയന്റ് മാനേജിംഗ് ഡയറക്ടറായ ശ്രേയാംസ് കുമാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ കേരള റീജിയണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ട്ടൈസിങ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.



Sharing is Caring