ഇന്റലിജന്‍സ് എഡിജിപി ശ്രീലേഖക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതിയുടെ നിര്‍ദ്ദേശം.
പരാതിയില്‍ നിന്ന് പിന്മാറാന്‍ ഇന്റലിജന്‍സ് മേധാവിയായ ശ്രീലേഖ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിക്കാരന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹരജി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ശ്രീലേഖയ്‌ക്കെതിരേ നടപടി വേണമെന്ന ശുപാര്‍ശയില്‍ നടപടി എടുക്കുന്നതില്‍ ചീഫ് സെക്രട്ടറി നാലു മാസം വൈകിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമായിരുന്നു പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് കോടതയില്‍ ഹരജി നല്‍കിയത്.
ശ്രീലേഖയ്‌ക്കെതിരേ അന്വേഷണ ശുപാര്‍ശ അടങ്ങിയ ഫയല്‍ കൈവശമിരിക്കുമ്പോഴാണ് ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവിയാക്കിയത്. കൃത്യമായ നടപടിക്രമങ്ങളും നിയമ വ്യവസ്ഥയും പാലിച്ചിരുന്നുവെങ്കില്‍ ശ്രീലേഖയെ ആ പദവിയില്‍ നിയമിക്കാന്‍ കഴിയുമായിരുന്നില്ല. ആയതിനാല്‍ ബോധപൂര്‍വം ചീഫ് സെക്രട്ടറി ഫയല്‍ പൂഴ്ത്തിയതാണെന്നും, അഴിമതി നിരോധന നിയമപ്രകാരം ചീഫ് സെക്രട്ടറിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിക്കാരന്‍ വാദിച്ചു.
ശ്രീലേഖ ഗതാഗതകമ്മിഷണറായിരിക്കേ റോഡ്‌സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ശുപാര്‍ശ ചെയ്തത്.













