എ.കെ. ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്


ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഗവര്‍ണറുടെ സൗകര്യാര്‍ഥമാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച ഗവര്‍ണര്‍ തലസ്ഥാനത്ത് ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം. ഗതാഗത വകുപ്പുതന്നെ ശശീന്ദ്രന് വീണ്ടും ലഭിക്കുമെന്നാണ് സൂചന.


ശശീന്ദ്രനെ മന്ത്രിയാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി ദേശീയ നേതൃയോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അദ്ദേഹത്തെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍.സി.പി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറിയിരുന്നു. ഇതോടെയാണ് ശശീന്ദ്രന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്.


ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് 2017 മാര്‍ച്ച്‌ 26 നാണ് ശശീന്ദ്രന്‍ രാജിവച്ചത്. പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്കും ഭൂമി കൈയേറ്റ വിവാദത്തില്‍പ്പെട്ട് രാജിവെക്കേണ്ടി വന്നിരുന്നു. കോടതിയില്‍നിന്ന് കടുത്ത പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നതിനെത്തുടര്‍ന്നായിരുന്നു രാജി. എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഉടന്‍തന്നെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി തുടങ്ങിയിരുന്നു.



Sharing is Caring