കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ് ആദ്യ സീന്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ കുഞ്ഞൂഞ്ഞായി പരാതികളും സ്വീകരിക്കുന്നതും ചിത്രീകരിച്ചു. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍, അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘പീറ്റര്‍’ എന്ന ന്യൂജനറേഷന്‍ ആക്ഷന്‍ സിനിമയിലാണ് ഉമ്മന്‍ചാണ്ടി കേരള മുഖ്യനാവുന്നത്.
ജനകീയനായ മുഖ്യമന്ത്രി എന്ന പരിവേഷമാണ് സിനിമയില്‍ ഉമ്മന്‍ചാണ്ടിയുടേത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ക്കുമെന്ന ഉറപ്പാണ് നല്‍കിയിട്ടുള്ളത്.
തിരക്ക് കാരണം ഒരാഴ്ചത്തെ കാള്‍ ഷീറ്റ് ഒന്നിച്ച് കൊടുക്കാന്‍ കഴിയാത്തതിനാല്‍ സമയം കിട്ടുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ റോള്‍ അഭിനയിക്കും. പുതുപ്പള്ളിക്ക് പുറമേ കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ രചിച്ചത് കവയിത്രി കൂടിയായ വനിതാകമ്മിഷന്‍ അംഗം പ്രൊഫ. പ്രമീളാദേവിയാണ്. രാഹുല്‍ നായര്‍ മുംബയാണ് സംഗീതം. എബ്രഹാം മാത്യു, സി.കെ. ശശി എന്നിവരുടേതാണ് തിരക്കഥ. രണ്ട്കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നിന്ന് മാറി ഇന്നത്തെ ദിവസം സിനിമാ ഷൂട്ടിംഗിന് നല്‍കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.













