ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു


ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു. അയോഗ്യതയ്‌ക്കെതിരെ ഒമ്പത് വിമതര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മാര്‍ച്ച് 18ന് ധനവിനിയോഗ ബില്‍ അവതരണത്തില്‍ പ്രതിപക്ഷമായ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.
ഇതോടെ എഴുപതംഗ നിയമസഭയില്‍ അംഗങ്ങളുടെ എണ്ണം 61 ആയി ചുരുങ്ങി. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഇവര്‍ക്ക് മാത്രമായിരിക്കും വോട്ട് ചെയ്യാന്‍ അവകാശം. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 32 പേരുടെ പിന്തുണ വേണം. നിലവില്‍ 27 പേരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 28 പേരുടെ പിന്തുണയുണ്ട്. എന്നാല്‍ ബി.എസ്.പിയും സ്വതന്ത്രരുമടക്കം ആറു പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കുമെന്നാണ് റാവത്തിന്റെ പ്രതീക്ഷ. ഇതോടെ 33 പേരുടെ പിന്തുണ ഇവര്‍ ഉറപ്പിക്കുന്നു.




Sharing is Caring