ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കണം: അമേരിക്കയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദ്ദേശം


വാഷിങ്ടണ്‍: ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്കയോട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദ്ദേശം. വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി ഇറക്കുമതി മേഖലകളിലും ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ നീക്കാനാണ് ഇടക്കാല ഉത്തരവ്. ആണവായുധ നിരായുധീകരണത്തെ ചൊല്ലി ബന്ധം വഷളായതിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധ നടപടികളുമായി അമേരിക്ക രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവിനെ ഇറാന്‍ സ്വാഗതം ചെയ്തു.


ഇറക്കുമതി കയറ്റുമതി മേഖലകളിലും വ്യോമയാന മേഖലയിലും അമേരിക്ക ഉപരോധങ്ങള്‍ കൊണ്ടു വന്നിരുന്നു. അടുത്ത മാസം നാലിന് കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടു വരാനിരിക്കെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഇറാന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ഉപരോധങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടണമെന്ന ഇറാന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. വ്യോമയാന മേഖലയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാനാണ് ഇടക്കാല ഉത്തരവിലൂടെ അമേരിക്കയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


ഇറാനാണ് ശരിയെന്നും അമേരിക്ക നിയമവിരുദ്ധമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇറാന്‍ അവകാശപ്പെട്ടു.



Sharing is Caring