ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിന് മറുപടി നല്‍കുന്നതിനിടെ ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹാ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. കശ്മീരികള്‍ അക്രമത്തിന് ഇരയാകുന്നു എന്നതിന് തെളിവായാണ് മലീഹാ ലോധി തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് ലോധി ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്.
കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അവര്‍ക്ക് തിരിച്ചടിയായെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17 കാരിയുടെ ചിത്രമാണ് മലീഹാ ഉയര്‍ത്തിക്കാട്ടിയതെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ രംഗത്തെത്തി.
യു.എന്‍ പൊതുസഭയുടെ 72ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി രംഗത്തെത്തിയത്.













