ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ല: ചൈന


ന്ത്യയുമായി ഏതെങ്കിലും സാഹചര്യത്തില്‍ യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് ചൈന. വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനു പൂര്‍ണ പിന്തുണ നല്‍കുമെന്നു കഴിഞ്ഞയാഴ്ച ലഹോറിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ യു ബോരന്‍ അറിയിച്ചതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തെപ്പറ്റി അറിയില്ലെന്ന് പുതുതായി നിയമിതനായ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് സുഹാങ് പറഞ്ഞു. വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്.പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ദക്ഷിണ ഏഷ്യയുടെ പുരോഗതിക്കും സമാധാനത്തിനും സ്ഥിരതയ്ക്കും അത് ആവശ്യമാണെന്നും ചൈന വ്യക്തമാക്കി.




Sharing is Caring