ഇന്ത്യന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി നേപ്പാളിന്‌ പുതിയ ഭൂപടം; പാര്‍ലമെന്റ് അംഗീകരിച്ചു


ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്തെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഈ തീരുമാനം.


ഇന്ത്യന്‍ അതിര്‍ത്തിയിലെ കലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാള്‍ അതിര്‍ത്തിയിലാണ്. ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ.


ഇന്ന് ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ആകെയുള്ള 275 അംഗങ്ങളില്‍ 258 പേര്‍ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സര്‍ക്കാര്‍ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും.



Sharing is Caring