ന്യൂഡല്‍ഹി: കഴിഞ്ഞമാസം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാന്‍ഡര്‍മാര്‍ ഇന്ന് മൂന്നാം കൂടിക്കാഴ്‌ച നടത്തുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ 20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ രക്തചൊരിച്ചിലിന് ശേഷം നടന്ന ചര്‍ച്ചയിലെ ധാരണകള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും കൂടിക്കാഴ്‌ച.
വടക്കന്‍ ലഡാക്കിലെ ചുഷൂലില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് ചര്‍ച്ച. കഴിഞ്ഞ രണ്ടു തവണയും അതിര്‍ത്തി ചെക്ക് പോസ്‌റ്റായ മോള്‍ഡയില്‍ ചൈനയുടെ പ്രദേശത്തായിരുന്നു കൂടിക്കാഴ്‌ച. ഇന്നു രാവിലെ 10.30ന് തുടങ്ങുന്ന കൂടിക്കാഴ്‌ചയില്‍ ലേയിലെ 14-ാം കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ഇന്ത്യന്‍ സംഘത്തെ നയിക്കും. ചൈനയുടെ സംഘത്തിന് ദക്ഷിണ സിന്‍ചിയാംഗ് മിലിട്ടറി മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയൂ ലിന്‍ നേതൃത്വം നല്‍കുമെന്നാണ് സൂചന.

ജൂണ്‍ 20ന് നടന്ന രണ്ടാമത്തെ കൂടിക്കാഴ്‌ച 11 മണിക്കൂറോളം നീണ്ടിരുന്നു. ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാന്‍ അന്ന് ധാരണയായെങ്കിലും അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം കാരണം നടപ്പായില്ല. ജൂണ്‍ ആറിന് ആദ്യ കൂടിക്കാഴ്‌ചയിലുണ്ടാക്കിയ ധാരണകള്‍ കാറ്റില്‍പ്പറത്തിയാണ് ചൈന ഗാല്‍വന്‍ താഴ്‌വരയില്‍ നിലവിട്ട് പെരുമാറിയത്.
ഇതിനിടെ ഇന്ത്യ കൂടുതല്‍ സേനയെയും ആകാശ് മിസൈല്‍ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളും അതിര്‍ത്തിയില്‍ വിന്ന്യസിച്ചു. കരസേനാ മേധാവി ജനറല്‍ എം. എം. നരാവനെയും വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബധൗരിയയും അതിര്‍ത്തിക്കു സമീപമുള്ള ലേയിലെ സൈനിക താവളങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ധാരണ പ്രകാരം സൈന്യത്തെ പിന്‍വലിക്കാന്‍ നടപടി തുടങ്ങിയെങ്കിലും പ്രകോപനങ്ങളെ തുടര്‍ന്ന് അതു തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമാന്‍ഡര്‍മാര്‍ വീണ്ടുംകാണുന്നത്.
നയതന്ത്രതലത്തില്‍ പ്രതിവാര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സൈനിക-നയതന്ത്ര തലത്തില്‍ ഒരേസമയം നടത്തുന്ന സമവായ ചര്‍ച്ചകളിലൂടെ സംഘര്‍ഷത്തിന് അയവുവരുത്താമെന്നാണ് പ്രതീക്ഷ.













