ചണ്ഡീഗഢ് : ടിക്ടോക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാര്‍ലറിനുള്ളില്‍ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറിന്റെ പാര്‍ലറിന്റെ നീരജ് സ്ഥാപനം തുറന്നപ്പോളാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടന്‍തന്നെ പോലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാള്‍ വിവരമറിയിച്ചു.

ടിക്ടോക്കില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി. അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ ശിവാനിയുടെ കുടുംബം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാല്‍ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടര്‍ന്നതായാണ് ശിവാനിയുടെ പിതാവ് പറഞ്ഞത്.
ജൂണ്‍ 26 ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്നേദിവസം തന്നെ ശിവാനിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. 26 ന് രാത്രി ശിവാനി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ സഹോദരി ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍ അല്പസമയത്തിന് ശേഷം ശിവാനിയുടെ ഫോണില്‍നിന്നും സന്ദേശം വന്നു. താന്‍ ഹരിദ്വാറിലുണ്ടെന്നും ചൊവ്വാഴ്ച മടങ്ങിവരുമെന്നും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു സന്ദേശം. ഇത് വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.
ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടില്‍നിന്ന് ആരിഫ് ചില വീഡിയോകള്‍ പോസ്റ്റ് ചെയ്തതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂര്‍ മുമ്ബ് വരെ ടിക് ടോകിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റുകള്‍ വന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.












