കണ്ണ് ചൂഴ്ന്നെടുക്കാന്‍ വരുന്ന ജനരക്ഷായാത്രക്കെതിരെ നടന് അലന്‍സിയറിന്റെ ഏകാംഗ പ്രതിഷേധം. കണ്ണ് മൂടിക്കെട്ടി ചവറ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെത്തി പരാതി രേഖപ്പെടുത്തിയാണ് അലന്‍സിയര്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണ് ചൂഴ്ന്നെടുത്തു കളയും എന്ന് ബിജെപി നേതാവ് പറയുമ്പോള്‍ നമ്മള് സ്വന്തം കണ്ണ് സംരക്ഷിക്കണമെന്ന് അലന്‍സിയര്‍ പറയുന്നു. “‘ബിജെപി നടത്തുന്ന ജനസംരക്ഷണയാത്ര തിരുവനന്തപുരത്തേക്ക് ഇന്ന് എത്തുകയാണ്. കണ്ണ് ചൂഴ്ന്നെടുക്കാന്‍ വരുന്ന യാത്രയാണത്. അതുകൊണ്ട് ജനങ്ങളുടെ കണ്ണ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ‘കണ്ണ് സംരക്ഷണയാത്ര’ യാണ് ഞാന്‍ സംഘടിപ്പിക്കുന്നത്. വടക്കു നിന്ന് തെക്കോട്ട് ജനസംരക്ഷയാത്ര വരുമ്പോള്‍ തെക്ക് നിന്ന് വടക്കോട്ടാണ് കണ്ണ് സംരക്ഷമയാത്ര നടത്തുന്നത്”- അലന്‍സിയര്‍ പറഞ്ഞു.

“ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിമയല്ല. പശുവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യന് ശ്വാസം കൊടുക്കാനും പാര്‍പ്പിടം കൊണടുക്കാനുമാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടത്. ജീവശ്വാസം കൊടുക്കാതെ കുട്ടികളെ കൊല്ലുന്നവരാണ് കേരളത്തില്‍ വന്ന് കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറയുന്നത്. ഉത്തര്‍ പ്രദേശോ ഗുജറാത്തോ അല്ല കേരളം.
ഈ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും അപകടകരം. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്”. ചരിത്രത്തെ മാറ്റി മറിക്കുകയാണ് അധികാരികള്‍. ഇതിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമാണ് താന്‍ തുടരുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.
മുന്‍പും ഏകാംഗ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അലന്‍സിയര്‍. സംവിധായകന് കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ബിജെപി നേതാവ് രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേരത്തെ കാസര്‍കോട് ഒറ്റയാള്‍ പോരാട്ടവും അലന്‍സിയര്‍ നടത്തിയിരുന്നു . പുതിയ സമരത്തിനും അലന്‍സിയറിന് ഐക്യദാര്‍ഢ്യവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. നവമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. ‘ഗൗജ് ഡാ’ എന്ന ഹാഷ് ടാഗും ട്രെന്റായി കഴിഞ്ഞു.













