ഇടുക്കിയിൽ വെള്ളിയാഴ‌്ച മഴയ്ക്ക‌് ശമനം ഉണ്ടായെങ്കിലും സംഭരണിയിൽ ജലനിരപ്പ‌് ഉയരുകയാണ‌്. കഴിഞ്ഞ ദിവസത്തേക്കാൾ രണ്ടടി കൂടി വർധിച്ച‌് 2392.5 ആയി ജലനിരപ്പ‌്. സംഭരണശേഷിയുടെ 83.34 ശതമാനം. പദ്ധതി മേഖലയിൽ 37.34 മി. മീ. മഴയാണ‌് പെയ്തത‌്. മൂലമറ്റത്ത‌് വൈദ്യുതോൽപാദനം വ്യാഴാഴ‌്ചത്തേക്കാൾ ഉയർത്തി 14.58 ദശലക്ഷം യൂണിറ്റാക്കി.
അഞ്ച‌് ജനറേറ്ററുകളിലൂടെ ഉൽപാദനം വർധിപ്പിച്ച‌് പരമാവധി വെള്ളം പുറത്തുവിട്ടിട്ടും ജലനിരപ്പ‌് ക്രമാനുഗതമായി ഉയരുന്നതിനാൽ ഒരാഴ‌്ചക്കകം ചെറുതോണി ഷട്ടർ തുറക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. അറ്റകുറ്റപ്പണിയായതിനാൽ ഒരു ജനറേറ്റർ മാത്രം പ്രവർത്തിക്കുന്നില്ല. ജലനിരപ്പ‌് 2395 ലെത്തിയാൽ അണക്കെട്ട‌് മേഖലയിൽ കൺട്രോൾ റൂം തുറക്കും. ഞായറാഴ്ചയോ തിങ്കളാഴ‌്ചയോ തുറക്കുമെന്ന‌് അധികൃതർ അറിയിച്ചു.

അപ്പോഴേക്കും രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകും. ഇതിനിടെ സംഭരണി തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ജില്ലാ ഭരണകേന്ദ്രം ആരംഭിച്ചു. അതിനായി കർമ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഷട്ടർ തുറന്നാൽ വെള്ളം പോകുന്ന പഞ്ചായത്തുകളിലെ വിശദവിവരം സംബന്ധിച്ച റിപ്പോർട്ട‌് തഹസിൽദാരിൽനിന്നും തേടിയിട്ടുണ്ട‌്.
ശനിയാഴ്ച കലക്ടറുടെയും ഡാം സേഫ്ടി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേരും. അവസാനമായി ചെറുതോണി ഷട്ടർ തുറന്നത‌് 1992 ഒക്ടോബർ, നവംബർ മാസങ്ങളിലാണ‌്. 26 വർഷത്തിന‌് ശേഷം തീരപ്രദേശങ്ങളിലുള്ള ജനവാസം സംബന്ധിച്ച വിവരങ്ങളാണ‌് ശേഖരിക്കുന്നത‌്. ഷട്ടർ തുറന്നാൽ ചെറുതോണി മുതൽ നേര്യമംഗലം വരെ 45 കിലോമീറ്റർ മേഖലയിലെ സ്ഥിതിഗതികളാകും പ്രധാനമായും വിലയിരുത്തുന്നത‌്. വെള്ളം തുറന്ന് വിടുകയാണെങ്കിൽ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനാണ് സർവേ.
വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹ ചിത്രങ്ങളിൽനിന്ന‌് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.













