ആവേശത്തിന്റെ ഓളങ്ങളില്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്


കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുഴയെറിഞ്ഞ് താരങ്ങള്‍ മുന്നേറിയപ്പോള്‍ ഇരുകരയിലും നിന്നവര്‍ ആവേശത്തിന്റെ ഓളങ്ങള്‍ തീര്‍ത്തു. കുത്തിയൊഴുകുന്ന പുഴയില്‍ വിസ്മയം തീര്‍ക്കുന്നതായി അഞ്ചാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്. സ്ലാലം, ഇന്റര്‍ മീഡിയറ്റ് എന്നീ മത്സരങ്ങളാണ് ഇന്നലെ നടന്നത്.


അടിയൊഴുക്കും പാറക്കെട്ടുകളുമടങ്ങിയ ചാലിപ്പുഴയിലേയ്ക്ക് ഉയരത്തില്‍ തീര്‍ത്ത റാമ്പില്‍ നിന്ന് താരങ്ങള്‍ ഇറങ്ങുമ്പോള്‍ ചുറ്റും കൂടി നിന്നവര്‍ ആര്‍പ്പുവിളിച്ചു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലും ഒഴുക്കില്‍പ്പെടാതെ കയ്യിലെ തുഴ (പെഡല്‍) കൊണ്ട് കയാക്കിനെ നിയന്ത്രിക്കുന്ന താരങ്ങളുടെ മെയ്‌വഴക്കം ആവേശം ഇരട്ടിയാക്കി. ഒഴുക്കിന് മുന്നില്‍ കീഴടങ്ങിയെന്ന് കരുതിയവരെല്ലാം കരുത്തുക്കാട്ടി തിരിച്ചുവന്നു. പലരും ഒഴുക്കില്‍പ്പെട്ട് പുഴയില്‍ മുങ്ങിമറഞ്ഞെങ്കിലും ഓളപ്പരപ്പുകളോട് അടിയറവുപറയാന്‍ ആരും തയ്യാറായില്ല.


ആവേശം വിതച്ച ഒളിമ്പിക്‌സ് മത്സരയിനമായ സ്ലാലം മത്സരത്തില്‍ പങ്കെടുത്തത് 40 താരങ്ങളാണ്. കേരള കയാക്കിംഗ് അക്കാദമിയുടെ താരം കോടഞ്ചേരി സ്വദേശി നിസ്തുല്‍ ജോസ്, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി താരം പുല്ലൂരാംപാറ സ്വദേശി നിധിന്‍ദാസ് എന്നിവരാണ് മത്സരത്തില്‍ മാറ്റുരച്ച മലയാളി താരങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കുപുറമെ യുഎസ്, യുകെ, ഇറ്റലി, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നേപ്പാള്‍, മോണ്ടിനെഗ്രോ, ഫ്രാന്‍സ്, ആസ്ട്രിയ എന്നീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും മത്സരത്തില്‍ പങ്കെടുത്തു.

ഇന്റര്‍മീഡിയറ്റ് മത്സര ഇനത്തില്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി, കയാക്കിംഗ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നായി പത്തോളം താരങ്ങളും പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് നിര്‍വ്വഹിച്ചു. മത്‌സരത്തിന്റെ പ്രചോദനമുള്‍കൊണ്ട് മലയാളികളായ കൂടുതല്‍ താരങ്ങള്‍ മത്‌സരരംഗത്തേക്ക് കടന്നുവരട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ജ് എം. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അടുത്തവര്‍ഷം മുതല്‍ ടൂറിസം വകുപ്പ് നേരിട്ട് ഏറ്റെടുത്ത് മത്‌സരം സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ യു.വി. ജോസ് പറഞ്ഞു.

കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുറ്റ്യാടിപ്പുഴയിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി, ജില്ലാ പഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകള്‍, മദ്രാസ് ഫണ്‍ ടൂര്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് റിവര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.



Sharing is Caring