ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍


ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കൊപ്പം ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരുടെ കിടയറ്റ ബൗളിങും കൂടിയായപ്പോള്‍ ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. വ്യാഴാഴ്ച രാത്രി വൈകി അവസാനിച്ച സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസ് ഇന്നിങ്ങ്‌സ് 40.1 ഓവറില്‍ 245 റണ്‍സിന് അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.
സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 42 ഓവറില്‍ നാലിന് 281. ഓസ്‌ട്രേലിയ 40.1 ഓവറില്‍ 245ന് എല്ലാവരും പുറത്ത്.


ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യം ഫൈനല്‍ കളിച്ചത്. അന്ന് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഫൈനലും ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഒമ്പതാം ഫൈനലും ലക്ഷ്യമിട്ട് സെമിയില്‍ കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഇത്തവണ അടിതെറ്റുകയും ചെയ്തു.


ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലേ ഓസ്‌ട്രേലിയ പതറി. 21 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിയ ഓസ്‌ട്രേലിയയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത് ഓസ്‌ട്രേലിയന്‍ നിരയില്‍ അലക്‌സ് ബ്ലാക്‌വെല്‍, എലിസെ വില്ലനി, എലിസെ പെറി എന്നിവരുടെ ബാറ്റിങ്ങാണ്. ബ്ലാക്‌വെല്‍ 56 പന്തില്‍ 90 റണ്‍സ് നേടി ടോപ്‌സ്‌കോററായി. വില്ലനി 58 പന്തില്‍ 75 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ 169 റണ്‍സിനിടെ 9 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസ് അവസാന വിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം ഇന്ത്യയെ അല്പം അമ്പരപ്പിച്ചു. അവസാന വിക്കറ്റില്‍ ബ്ലാക്‌വെല്ലും ബീംസും ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ക്യാമ്പില്‍ മ്ലാനത പരന്നെങ്കിലും ബ്ലാക്‌വെല്ലിനെ ബൗള്‍ഡാക്കി ദീപ്തി ശര്‍മ്മ വിജയം ഇന്ത്യക്ക് നേടിക്കൊടുത്തു.

ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ, ജുലന്‍ ഗോസ്വാമി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് ഹര്‍മന്‍പ്രീത് കൗറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 115 പന്തുകളില്‍ നിന്ന് 20 ഫോറും ഏഴ് സിക്‌സറുമടക്കം 171 റണ്‍സെടുത്ത് കൗര്‍ പുറത്താകാതെ നിന്നു. 65 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ കൗറിന് സെഞ്ചുറി തികയ്ക്കാന്‍ വേണ്ടിവന്നത് വെറും 90 പന്തുകള്‍. സെഞ്ചുറി തികച്ചതോടെ ഹര്‍മന്‍പ്രീത് കൂടുതല്‍ അപകടകാരിയായി മാറി. അടുത്ത 50 റണ്‍സ് വെറും 17 പന്തുകളില്‍നിന്നാണ് കൗര്‍ നേടിയത്. അവസാന 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 125 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന 19 പന്തുകളില്‍ വേദാ കൃഷ്ണമൂര്‍ത്തിയുമായി (16*) ചേര്‍ന്ന് 49 റണ്‍സ് കൗര്‍ അടിച്ചെടുത്തു.

മഴകാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇന്നിങ്‌സ് പത്തോവര്‍ പിന്നിടുന്നതിന് മുന്‍പ് ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും (6), പൂനം റൗത്തും (14) മടങ്ങി. പിന്നീട് 36 റണ്‍സെടുത്ത് നായിക മിതാലി രാജും മടങ്ങി. എന്നാല്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനം ഓസീസ് പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മയും (25) കൗറും ചേര്‍ന്ന് നടത്തിയ അത്യുജ്ജ്വല ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം.



Sharing is Caring